അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ...


കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ കൂടാതെ നായ അഞ്ചോളം പേരെയും മറ്റു നായകളെയും ആക്രമിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ വ്യക്തമാക്കി.

പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. നായ ആക്രമിച്ച എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നഗരസഭ നിര്‍ദേശിച്ചു.

അതേസമയം, പേവിഷബാധയെ തുടര്‍ന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പേവിഷബാധ കാരണം മരിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടോ, വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, ഇവര്‍ക്ക് കുത്തിവച്ച വാക്‌സിന്റെ കാര്യക്ഷമത, വാക്‌സിനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കല്‍ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

أحدث أقدم