വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു . ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണവും നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കരാര്‍ ലംഘനമുണ്ടായത്.