പുതിയ പോപ്പ് അത്ര പുണ്യാത്മാവല്ലെന്ന് ‘ദ ഗാർഡിയൻ’;.. വത്തിക്കാനെതിര പീഡനക്കേസ് ഇരകൾ


ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ ഗുരുതര ആരോപണവുമായി വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവരുടെ സംഘടന. ഇരകളുടെ സംഘടനയായ ‘സ്നാപ്’ (Survivors Network of Those Abused by Priests- SNAP) പോപ്പ് ഫ്രാൻസിസിന് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതികളൊന്നും പോപ്പിൻ്റെ വഴിയിൽ തടസമായില്ലെന്ന് ഇംഗ്ലണ്ടിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഗാർഡിയൻ (The Guardian) പത്രം റിപ്പോർട്ട് ചെയ്യുന്നു. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ പുതിയ പോപ്പായി ഉയർത്തിയതിൽ കടുത്ത നിരാശയും ആശങ്കയുമുണ്ടെന്ന് സ്നാപ്പിൻ്റെ വക്താക്കൾ പറഞ്ഞു.

പോപ്പ് ലിയോ പതിനാലാമൻ സ്വദേശമായ ചിക്കാഗോയിൽ അഗസ്റ്റിയൻ (Augustinian) സന്യാസസമൂഹത്തിലെ വൈദികനായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ കീഴിലുണ്ടായിരുന്ന ഒരു വൈദികനും, സഭയുടെ സ്കൂളിലെ പ്രിൻസിപ്പലും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി ഉണ്ടായിരുന്നു. എന്നാൽ അന്ന് വൈദികനായിരുന്ന റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത്, ആരോപണ വിധേയനായ വൈദികനെ സംരക്ഷിക്കുകയും, ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി നല്കി പരാതി ഒതുക്കുകയുമാണ് ചെയ്തത്. ഇങ്ങനെ നിയമനടപടികളിൽ നിന്ന് രക്ഷിച്ച വൈദികനെ പിന്നീട് ചുമതലകളിൽ നിന്ന് പുറത്താക്കി


പുതിയ പോപ്പ് പെറുവിൽ ബിഷപ്പായിരുന്ന കാലത്ത് മൂന്ന് സ്ത്രീകൾ അതീവ ഗുരുതര സ്വഭാവമുള്ള പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകും മുമ്പ് രണ്ട് വൈദികർ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു അവരുടെ പരാതി. എന്നാൽ ഈ പരാതികൾ കേൾക്കാനോ, ഇരകളോട് കരുണ കാണിക്കാനോ അദ്ദേഹം തയ്യാറായില്ലെന്ന് അന്നുതന്നെ അരോപണമുണ്ടായി. തെളിവുകളുടെ അഭാവം മൂലം അന്വേഷിക്കാൻ കഴിയില്ല എന്ന നിലപാടാണ് ബിഷപ്പ് പ്രെവോസ്ത് സ്വീകരിച്ചത് എന്നാണ് ഇരകളുടെ ആക്ഷേപം.

പെറുവിലെ ഈ മൂന്ന് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ മാർച്ചിൽ ബിഷപ്പ് പ്രെവോസ്തിനെതിരെ പോപ്പ് ഫ്രാൻസിസിസിന് പരാതി നൽകിയത്. ഇരകളുടെ പരാതി അന്വേഷിക്കാതെ അവഗണിക്കുന്ന ബിഷപ്പുമാർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ സഭാനിയമത്തിൽ ചില നിർദ്ദേശങ്ങൾ വച്ചിരുന്നു. അതിൻ്റെ ലംഘനമാണ് കർദ്ദിനാൾ പ്രെവോസ്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇരകളുടെ സംഘടനയായ ‘സ്നാപ്’ ആരോപിച്ചിരുന്നു. ‘താങ്കളുടെ കാലത്ത് ഈ ദുരന്തത്തിനും ദുർഗതിക്കും അറുതി ഉണ്ടാവുമോ’ എന്നാണ് പോപ്പ് ലിയോ പതിനാലാമന് നേരെ ഇപ്പോൾ ഇരകളുടെ സംഘടനയായ സ്നാപ്പ് ഉയർത്തുന്നത്.
സഭാ തലവനായുള്ള ലിയോ പതിനാലാമൻ്റെ സ്ഥാനക്കയറ്റം സഭാ നേതൃത്വത്തിന് അപമാനമാണെന്ന് വൈദികരുടെ പീഡനത്തിന് ഇരയായ കുട്ടികളുടെ സംഘടനയായ സർവൈവേഴ്സ് ഓഫ് ചൈൽഡ്ഹുഡ് സെക്സ് അബ്യൂസ് (Survivors of Childhood Sex Abuse- SCSA) ആരോപിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ പരാതികൾക്ക് വേണ്ട ഗൗരവം കൊടുക്കാതെയാണ് സഭാ നേതൃത്വം കൈകാര്യം ചെയ്യുന്നത്. ഇത്തരം പരാതികൾ എങ്ങനെയാണ് സഭ പരിഗണിച്ചതെന്ന് ലിയോ പതിനാലാമന് നന്നായി അറിയാം. ആരോപണ വിധേയരായ വൈദികരെ സംരക്ഷിക്കുന്ന പതിവുവിട്ട് കുറ്റവാളികളെ ശിക്ഷിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഈ രണ്ട് സംഘടനകളും ഉയർത്തിയ പരാതികളോട് പ്രതികരിക്കാൻ വത്തിക്കാൻ മാധ്യമ വിഭാഗം തയ്യാറായിട്ടില്ല. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിലെ വൈദികനായി ചിക്കാഗോയിൽ സേവനം അനുഷ്ഠിച്ച 11 വർഷക്കാലത്തെ ബിഷപ്പ് പ്രെവോസ്തിൻ്റെ ഇടപാടുകൾ പരിശോധിക്കണമെന്ന ആവശ്യം സജീവമാണ്. ഇക്കാലത്താണ് ആരോപണ വിധേയനായ വൈദികനേയും സഭയുടെ ഹൈസ്കൂളിലെ പ്രിൻസിപ്പലിനേയും പോപ്പ് ലിയോ എന്ന മുൻ ബിഷപ് പ്രെവോസ്ത് സംരക്ഷിച്ചതെന്ന് ആരോപണം ഉയരുന്നത്.
أحدث أقدم