വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്


വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് ശുചിമുറിയിൽ ആത്മഹത്യ ശ്രമം നടത്തിയപ്പോൾ തന്നെ അസി. പ്രിസൺ ഓഫീസർ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രഥമശിശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ.

പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിൽ ഒരു തടവുകാരനൊപ്പമായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു തടവുകാരനെ കൂടി പാർപ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ വിളിക്കാനായി പോയി. മറ്റ് തടവുകാർ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. അലക്കി ഉണക്കാൻ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് കഴുത്തിൽ കുരുക്കിട്ടത്. ഞെരക്കം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ ശുചിമുറിയിലേക്ക് പോയി തൂങ്ങിനിന്ന അഫാനെ പൊക്കി ശേഷം മറ്റ് തടവുകാരെ വിളിച്ചു. തടവുകാരും ജയിൽ ഉദ്യോഗസ്ഥനും ചേർന്ന് കഴുത്തിലെ കെട്ടഴിച്ച് നിലത്ത് കിടത്തി അഫാന് പ്രാഥമിക ശുശ്രൂഷ നൽകി. ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم