സ്കൂൾ തുറക്കൽ; ഉ​​ന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി.​ ​​ശിവൻകുട്ടി




തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മന്ത്രി വി.​ ​​ശിവൻകുട്ടി ഉ​​ന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർ​​ത്തു. ജില്ലാ ക​​ല​ക്റ്റർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് ചേർന്നത്‌. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ഷാനവാസ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കുട്ടികളുടെ സുരക്ഷയെ മുൻ​നിർത്തി സ്‌കൂൾ കെട്ടിടത്തിന്‍റെ ഫിറ്റ്‌നസ് നിർബന്ധമായും സ്കൂൾ അധികൃതർ വാങ്ങണം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങ​ണം. നിർ​മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകൾ കുട്ടികളുടെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കുന്ന​​ രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചു വ​യ്ക്ക​ണം. സ്‌കൂളിനു മുന്നിലുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡി​ങ്സ് എന്നിവ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്യ​ണം. വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്ക​ണം. സാഹചര്യങ്ങൾ മനസിലാക്കി അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.

സ്‌കൂളിലും പരിസരത്തും അപകടകരമായ നിലയിൽ മരങ്ങളോ, മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്‌കൂളിലേക്കുള്ള വഴി, സ്‌കൂൾപരിസരം എന്നിവിടങ്ങളിലുള്ള വൈദ്യുത പോസ്റ്റ്, ഇലക്‌​ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്‌ഫോർമറുകൾ മുതലായ അപകടകരമായി കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടികൾ സ്വീകരിക്ക​ണം. സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്തണം. റെയ്‌ൽ ക്രോസിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാന​മൊ​രുക്ക​ണം. സ്‌കൂളിന് ചുറ്റുമുള്ള കടകളിൽ കൃത്യമായ പരിശോധന നടത്തേണ്ടതും ലഹരി പദാർഥ​ങ്ങൾ വിൽക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ക്ലാസുകൾ തുടങ്ങിയശേഷം കുട്ടികൾ ഏ​തെങ്കിലും കാരണവശാൽ ക്ലാസിൽ നിശ്ചിത സമയം കഴിഞ്ഞ് എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവര​മ​റിയിക്കണം.

പിടിഎയുടെ നേതൃത്വത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ ശുചീകരണം നടത്തണം. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്ക​ണം. പാചകതൊഴിലാളികൾ ഹെൽത്ത്കാർഡ് എടുത്തുവെന്ന് ഉറപ്പു​വരുത്തണം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കണം. സ്‌കൂൾ ലാൻ​ഡ് ഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രഥമാധ്യാപകർ ഉറപ്പു​വരുത്തണം. ഐടി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കണം. വിദ്യാവാഹിനി പദ്ധതി സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ ആരംഭിക്കുന്നു​വെന്ന് ഉറപ്പു വരുത്തണം. എല്ലാ സ്‌കൂളുകളിലും സ്‌കൂൾ സുരക്ഷാ പ്ലാൻ അഥവാ സ്‌കൂൾ ദുരന്ത നിവാരണ പ്ലാൻ തയാറാക്കണം. സ്‌കൂൾ ബസിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്‍റെ ഫിറ്റ്‌നസ് എന്നിവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉറപ്പു​വരുത്ത​ണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങ​ണം.
أحدث أقدم