കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം; മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗോപാലന്‍, സുരേന്ദ്രന്‍, ഗംഗാധരന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കു അയക്കും.

മൂന്നുപേരും വിവിധ രോഗങ്ങള്‍ക്കു ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ്. കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ച മൂന്നു പേര്‍. വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതില്‍ രണ്ടു മരണങ്ങളില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വിഷം കഴിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഒരാളുടെയും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ ഒരാളുടെയും കൂടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനുണ്ട്.

أحدث أقدم