ധാർ: പെൺസുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ സഹപാഠിയായ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഉമർബാൻ പൊലീസ് പോസ്റ്റിന്‍റെ പരിധിയിലുളള കൃഷിയിടത്തിൽ ശനിയാഴ്ചയാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗീതേഷ് ഗാർഗ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനെടുവിലാണ് പെൺകുട്ടിയെ ഇയാൾ കൊലപ്പെടുത്തിയ വിവരം ലഭിച്ചത്. പെൺകുട്ടി തന്നോട് സംസാരിക്കാത്തതിനെ തുടർന്ന് താൻ അസ്വസ്ഥനായെന്നും ഇതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും സഹപാഠി മൊഴി നൽകി.
വെളളിയാഴ്ച രാത്രി പെൺകുട്ടിയെ വയലിലേക്ക് വിളിച്ചുവരുത്തി മൂർച്ചയുളള ആയുധമുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.