കുവൈത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് (തിങ്കളാഴ്ച ) ഉച്ചക്ക് ഒരു മണിമുതൽ രണ്ടുമണിവരെ സഭാ ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രി 9:20-നുള്ള വിമാനത്തിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ നഴ്സ് ദമ്പതികളുടെ കൊലപാതകം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
പൊലീസ് റിപ്പോർട്ട് പ്രകാരം അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. പൊലീസ് അബ്ബാസിയയിലെ സംഭവസ്ഥലത്തെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോൾ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.