ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായി മഹാരാഷ്ട്ര ഗവര്‍ണറെ ക്ഷണിച്ചത് വിവാദത്തില്‍.



പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായി മഹാരാഷ്ട്ര ഗവര്‍ണറെ ക്ഷണിച്ചത് വിവാദത്തില്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ സൗജന്യ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടകനായാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഇങ്ങോട്ട് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം താത്പര്യം കാണിച്ചപ്പോള്‍ ക്ഷണിച്ചതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്ലാത്തിലും വിവാദം കാണരുതെന്നും രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഗവര്‍ണറാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഗവര്‍ണ്ണറാകും മുമ്പ് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന പ്രഭാരിയായിരുന്നു രാധാകൃഷ്ണന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ നേതാവ് ആര്‍ എസ് എസ് പശ്ചാലത്തിലൂടെ ബിജെപിയില്‍ സജീവമായ വ്യക്തിയാണ്. ഇതാണ് വിവാദങ്ങള്‍ക്ക് പല മാനങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തന്നെ തഴയുന്നുവെന്ന പരാതി ചാണ്ടി ഉമ്മനുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് പോലും അകലം പാലിക്കുകയാണ് ചാണ്ടി ഉമ്മന്‍. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ കേരള ഗവര്‍ണറെ ക്ഷണിച്ചത് കോണ്‍ഗ്രസിനകത്ത് വന്‍ വിമര്‍ശനത്തിനിടവെച്ചിരുന്നു. അന്ന് ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെയാണ് ക്ഷണിച്ചത്.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ ചര്‍ച്ചയാക്കുന്നുണ്ട്. എ ഗ്രൂപ്പിലെ ഒരു ലോബി തന്നെയാണ് ഇത് പറഞ്ഞു വയ്ക്കുന്നത്. ഈ വിമര്‍ശനം നിലനില്‍ക്കെയാണ് മഹാരാഷ്ട്ര ഗവര്‍ണറെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പരിപാടി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍, നല്ല കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാണെന്ന് സി.പി. രാധാകൃഷ്ണന്‍ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
أحدث أقدم