മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; ഗുരുതര ആരോപണവുമായി പെൺകുട്ടി


എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടി. ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചുവെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.ഒരുമാസം ലക്ഷങ്ങൾ സമ്പാദിക്കാം എന്നതരത്തിലുള്ള പ്രലോഭനങ്ങൾ ഉണ്ടായി. പാലാരിവട്ടത്തിന് പുറമെ കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലർ ഉണ്ട്. പാർലറിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു.

സ്പെഷ്യൽ സ്‌ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും ഇവിടെ സ്ഥിരം സന്ദർശകരായി എത്താറുണ്ടെന്നാണ് ആരോപണം. പെൺകുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനത പറഞ്ഞാണ് ചൂഷണം ചെയ്യുന്നത്. കോളജ് വിദ്യാർഥിനികളടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്.

ടെലികോളർ എന്ന തസ്തികയിലേക്ക് ഓൺലൈൻ പരസ്യം കണ്ടാണ് പെൺകുട്ടി അപേക്ഷ നൽകുന്നത്. മസാജിങ് സെന്ററിലേക്ക് ആണ് എന്നറിഞ്ഞപ്പോഴേ കുട്ടി സംശയങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ വരുന്ന ഫോൺ കോളുകൾക്ക് മറുപടി നൽകിയാൽ മാത്രം മതി എന്നു പറഞ്ഞ് ജോലിയിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു.

സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ചില അനാശാസ്യകേന്ദ്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന വാർത്തകൾ മുൻപ് വന്നിരുന്നു. ഈ സ്ഥാപനങ്ങൾക്കെതിരെ ജില്ലാ പൊലീസിൽ നിന്ന് തന്നെ നടപടികളും ഉണ്ടായി. കോളജ് വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ഇത്തരം സെക്സ് റാക്കറ്റുകളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. അതേസമയം, തങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം ആണെന്ന് മസാജിങ് സെന്ററിന്റെ അധികൃതർ പറഞ്ഞു.

أحدث أقدم