തിരുവനന്തപുരം: മാറനല്ലൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റിയതിനെത്തുടർന്ന് അപകടം. ഓട്ടോ ഓടിച്ചുകൊണ്ട് പോകുന്നതിനിടെയിൽ കഴുത്തിൽ എന്തോ തട്ടുന്നതുപോലെ അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർ തിരിഞ്ഞു നോക്കിയപ്പോളാണ് പാമ്പിനെ കണ്ടത്. പാമ്പിനെ തട്ടിമാറ്റാൻ ശ്രമിച്ചതിന് പിന്നാലെ ഓട്ടോ നിയന്ത്രണം വിട്ടു തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പെട്ടത്. രണ്ടുമാസത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓട്ടോയിലുണ്ടായിരുന്നത്. പുറകില്‍ വച്ചിരുന്ന മാലിന്യ ചാക്കില്‍ നിന്ന് പാമ്പിഴഞ്ഞ് ഡ്രൈവര്‍ കാബിനുളളിലെത്തി. പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് വാഹനം അപകടത്തില്‍പെട്ടതെന്ന് ഓട്ടോ ഡ്രൈവര്‍ വിഷ്ണു പറഞ്ഞു.
ഓട്ടോ പോസ്റ്റിലിടിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്നാണ് വിഷ്ണുവിനെ വാഹനത്തിൽനിന്ന് പുറത്തെടുത്ത്. ഉടന്‍ തന്നെ ഡ്രൈവർ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചു . ഇയാളുടെ കൈക്കും തലയ്ക്കും പരുക്കുണ്ട്. പാമ്പിനെ തല്ലിക്കൊല്ലാനായി നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പാമ്പ് തൊട്ടടുത്തുള്ള കുറ്റക്കാട്ടിലേക്ക് ഇഴഞ്ഞുപോയി.