
മണ്ണാർക്കാട് ചങ്ങലീരിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് പരിക്ക്. കൂമ്പാറ സ്വദേശി മൈമൂനയ്ക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ജില്ലയിലെ പറവൂരിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിൽ നിന്ന് വീണ് ഭാര്യ മരിച്ചു. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് മരിച്ചത്. 32 വയസായിരുന്നു. ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി- ചെങ്ങമനാട് റോഡിലായിരുന്നു അപകടം. അത്താണി കെ.എസ്.ഇ.ബിക്ക് സമീപം കൈലാസ് വളവിൽ വച്ച് എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.