കോഴിക്കോട്: വടകര അഴിയൂരിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. 6 തൊഴിലാളികളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇവരിൽ 2 പേരാണ് കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടത്.
വടകര, മാഹി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് രതീഷിന്‍റെ മൃതദേഹം പുറത്തെടുത്ത്. പരുക്കേറ്റ തൊഴിലാളിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
മേഖലയിൽ രാവിലെ മുതൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് ജില്ലയിൽ ഖനനം പോലുള്ള നിർമാണ പ്രവർത്തികൾ കലക്‌ടർ നിരോധിച്ചിരുന്നു. ഇത് അവഗണിച്ചാണ് തൊഴിലാളികൾ കിണറുപണിക്ക് ഇറങ്ങിയത്.