പാക് ഭീകരതയെ തുറന്നുകാണിക്കാനുള്ള സർവകക്ഷി സംഘം; തരൂരും കോൺഗ്രസും ഭിന്നതയിൽ

ന്യൂഡൽഹി: പാക് ഭീകരതയെ തുറന്നുകാണിക്കാനുള്ള സർവകക്ഷി സംഘത്തിലെ പ്രാതിനിധ്യത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വവും ശശി തരൂർ എംപിയും ഭിന്നതയിൽ. സംഘത്തിലുൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനു നൽകിയ എംപിമാരുടെ പട്ടികയിൽ നിന്നു കോൺഗ്രസ് നേതൃത്വം തരൂരിനെ വെട്ടിയപ്പോൾ ക്ഷണം സ്വീകരിച്ചതായി മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറൽ കൂടിയായ നേതാവ് പ്രഖ്യാപിച്ചു. സർക്കാർ ക്ഷണം അഭിമാനകരമെന്നും ഉത്തരവാദിത്വം നിർവഹിക്കുമെന്നുമാണു തരൂരിന്‍റെ പ്രഖ്യാപനം. വിദേശകാര്യ പാർലമെന്‍ററി സമിതിയുടെ അധ്യക്ഷൻ കൂടിയായ തരൂരിനെ യുഎസിലേക്കുള്ള എംപിമാരുടെ സംഘത്തെ നയിക്കാനാണു കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. എന്നാൽ, സർവകക്ഷി സംഘത്തിന്‍റെ പേരിൽ കേന്ദ്രം രാഷ്‌ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസിൽ നിന്നു തരൂരിനെ കൂടാതെ മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് എന്നിവർക്കായിരുന്നു സർവകക്ഷി സംഘത്തിലേക്കു വിദേശകാര്യ മന്ത്രാലയത്തിന്‍റെ ക്ഷണം. എന്നാൽ, ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, അമരീന്ദർ സിങ് രാജ ബ്രാർ എന്നിവരുടെ പട്ടികയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കൈമാറിയത്. സൽമാൻ ഖുർഷിദിനെ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടെങ്കിലും പാർട്ടിയാണു തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നൽകിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.


ഓപ്പറേഷൻ സിന്ദൂറിൽ പൂർണമായി സർക്കാരിനെ പിന്തുണച്ച തരൂരിന്‍റെ നടപടി കോൺഗ്രസ് നേതൃത്വത്തിന് അസ്വാരസ്യമുണ്ടാക്കിയിരുന്നു. സുരക്ഷാവീഴ്ച, വെടിനിർത്തലിലെ യുഎസ് ഇടപെടൽ തുടങ്ങി കോൺഗ്രസ് ആരോപണങ്ങളോട് യോജിച്ചിരുന്നില്ല തരൂർ. ഇപ്പോൾ അവയൊന്നും ചർച്ച ചെയ്യേണ്ട സമയമല്ലെന്നായിരുന്നു തരൂരിന്‍റെ നിലപാട്. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.

കോൺഗ്രസായിരിക്കുന്നതും കോൺഗ്രസിലായിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഇന്നലെ തരൂരിനെതിരേ ജയ്റാം രമേശിന്‍റെ ഒളിയമ്പ്. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെ കേന്ദ്ര സർക്കാരിന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞു. സർവകക്ഷി സംഘത്തെ അയയ്ക്കുന്നതിനെ രാഷ്‌ട്രീയവത്കരിക്കരുത്. സർക്കാരിന് സത്യസന്ധതയില്ല. അവർ രാഷ്‌ട്രീയം കളിക്കുകയാണെന്നും ജയ്റാം രമേശ് ആരോപിച്ചു. പ്രതിനിധികളെ നിർദേശിക്കാൻ അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ബന്ധപ്പെട്ടിരുന്നെന്നും അതുപ്രകാരമാണു പട്ടിക നൽകിയതെന്നും ജയ്റാം രമേശ് പറഞ്ഞു.
Previous Post Next Post