ചെറിയ അളവിലെങ്കിലും കഞ്ചാവ് കൈവശം വച്ചുവെന്ന കേസിൽ വേടൻ എന്ന ഹിരൺദാസ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തത് കൃത്യം ഒരാഴ്ച മുമ്പാണ്. വേദികളായ വേദികളിലെല്ലാം പാടാൻ പോയപ്പോൾ വേടൻ കഴുത്തിലണിഞ്ഞ മാലയിൽ കോർത്തിട്ടത് പുലിപ്പല്ലാണെന്ന് ഇന്നാട്ടിലെ വനപാലകർ അറിഞ്ഞത് ഈ അറസ്റ്റോടെയാണ്. അതോടെ അടുത്ത അറസ്റ്റും പിന്നാലെ തെളിവെടുപ്പും എല്ലാമായി ഒരു ചെറുപ്പക്കാരനെ കുടുക്കി അകത്തിടാനുള്ള സന്നാഹമെല്ലാം ഒരുക്കി.
എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ “അത് പുലിപ്പല്ലാണെന്ന് ആര് പറഞ്ഞു, പരിശോധിച്ച് ഉറപ്പാക്കിയോ” എന്ന ഒരൊറ്റ ചോദ്യത്തിൻ്റെ ബലത്തിൽ അനുവദിച്ചുകിട്ടിയ ജാമ്യം കച്ചിത്തുരുമ്പാക്കി ഇടതുനേതാക്കൾ വേടനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. അന്നുവരെ വേടൻ എന്ന് കേട്ടിട്ടുപോലും ഇല്ലാത്തവരെല്ലാം അയാളുടെ രാഷ്ട്രീയം ഏറ്റെടുക്കാൻ മത്സരിച്ചു. കേസെടുത്ത വകുപ്പിനെയും ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിൽ നിർത്താനും എല്ലാവരും ഉത്സാഹിച്ചു.
ഇതിനൊടുവിലാണ് വേടനെ ഏറ്റെടുക്കാൻ സിപിഎമ്മും സർക്കാരും രംഗത്ത് എത്തുന്നത്. “വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണെന്നും അയാളെ വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദൻ പ്രഖ്യാപിച്ചു. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്” എന്നും വരെ സംസ്ഥാന സെക്രട്ടറി പറഞ്ഞുവച്ചു
ഇതോടെയാണ് ഏറെക്കുറെ വേടനെ ഏറ്റെടുക്കുന്ന മട്ടിലുള്ള നീക്കം സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആദ്യപടിയായി സർക്കാരിൻ്റെ പരിപാടികളിൽ അയാൾക്ക് വേദി നൽകുകയാണ് ചെയ്യുന്നത്. ആദ്യം ക്ഷണിച്ചെങ്കിലും ലഹരിക്കേസിൽപെട്ടതിന് പിന്നാലെ ഒഴിവാക്കിയ ഇടുക്കിയിലെ സർക്കാരിൻ്റെ നാലാംവർഷിക പരിപാടിയുടെ വേദിയിലേക്കാണ് വീണ്ടും ക്ഷണിച്ച് കൊണ്ടുവരുന്നത്. വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ ‘എൻ്റെ കേരളം’ പരിപാടിയുടെ വേദിയിൽ ഇന്ന് വൈകിട്ട് വേടൻ പാടും.
മുഖ്യമന്ത്രി വേടനെ നേരിൽകാണാൻ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. “തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി.” വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും ആണ് ഏറ്റവും ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. യുവാക്കൾക്കിടയിലെ വേടൻ്റെ സ്വാധീനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചുള്ള നീക്കമാണെന്ന് വ്യക്തം.
അതേസമയം അറസ്റ്റിന് പിന്നാലെ പൊതുസമൂഹത്തിൽ വേടന് ലഭിച്ച വൻ സ്വീകാര്യതക്ക് മങ്ങലേൽപിക്കാൻ സർക്കാരിൻ്റെ ഈ നീക്കം കാരണമായേക്കും. ലഹരി ഒഴിവാക്കുമെന്നും നല്ല മനുഷ്യനാകുമെന്നും ജാമ്യത്തിന് പിന്നാലെ മറയില്ലാതെ വേടൻ പറഞ്ഞത് ഒരു ലഹരിക്കേസ് പ്രതിക്കും കിട്ടാത്ത പ്രതിഛായ ഉണ്ടാക്കി കൊടുത്തു. അതിലെല്ലാം കണ്ണുവച്ചുള്ള രാഷ്ട്രീയനീക്കം പക്ഷെ കേരളം അംഗീകരിക്കുമോ എന്നത് പ്രധാന ചോദ്യമാണ്. ലഹരിക്കേസ് പ്രതിയെ സർക്കാർ ഔദ്യോഗികമായി പിന്തുണക്കുന്നു എന്ന തെറ്റായ സന്ദേശം തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രത്യേകിച്ച് ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു എന്ന് കൊട്ടിഘോഷിക്കുന്ന സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ