
കൊച്ചി: യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റിൽ. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത്.
ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് സെക്ഷൻ 25 പ്രകാരമാണ് സമീര്‍ താഹിറിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷം മുമ്പ് വാടകക്ക് എടുത്ത ഫ്ലാറ്റാണിതെന്നും ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നുമാണ് സമീര്‍ താഹിറിന്‍റെ മൊഴി.
കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് എന്നിവരെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. സമീർ താഹിറിന്‍റെ അറിവോടെയാണോ ഫ്ലാറ്റിൽ കഞ്ചാവ് ഉപയോഗിച്ചതെന്നും സമീപ കാലത്തു സിനിമ രംഗത്തെ മറ്റ് പലരും ഇവിടെ എത്തി ലഹരി ഉപയോഗിച്ചിരുന്നോ എന്നതും കണ്ടെത്താനാണ് എക്‌സൈസിന്‍റെ ചോദ്യം ചെയ്യൽ. ഇന്ന് രാവിലെയാണ് സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യൽ വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.