കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്… ബെന്നി പെരുവന്താനത്തിന് അംഗത്വം നൽകി


ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബെന്നി അംഗത്വം സ്വീകരിച്ചത്.

കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവൻഷനിലാണ് ബെന്നി പാർട്ടി അംഗത്വം സ്വീകരിച്ചത്. പരിപാടി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 2004 മുതൽ 2014 വരെ കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതിയുമാണ് ഉണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം സംസ്‌ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. ഇപ്പോൾ കടം വാങ്ങാതെ സമാധാനത്തോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്‌ഥയായിയ തൊഴിലില്ലായ്മ കൂടി. മലയോര ജനതയെ സംസ്ഥാന സർക്കാർ ശത്രുക്കളായാണ് കാണുന്നത്. ആർക്ക് വേണ്ടിയാണ് ഇപ്പോൾ വാർഷികാഘോഷം നടത്തുന്നത്? കേന്ദ്ര പദ്ധതികൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോ വച്ചു തങ്ങളുടെ എന്ന് പറയുന്ന സർക്കാരിന് ആശമാർക്ക് ഓണറേറിയം നൽകാൻ കാശ് കൈയ്യിലില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
أحدث أقدم