മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വിദ്യാര്‍ഥിനിയുടെ നാല് വര്‍ഷത്തെ വിദ്യാഭ്യാസ നേട്ടങ്ങള്‍ നശിപ്പിച്ചു !!


കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വി.പി. തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ വീട്ടിലായിരുന്നു അപകടം. റെയില്‍വേയുടെ മത്സര പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തുന്ന മകള്‍ പത്മജയുടെ പഠന മുറിയിലാണ് ചാര്‍ജിംഗില്‍ വെച്ചിരുന്ന സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിയുണ്ടായത്. നാലുവര്‍ഷം പഴക്കമുള്ള ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് പത്മജ അറിയിച്ചു.

സംഭവം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ചായ കുടിക്കാനായി താഴത്തെത്തിയ പത്മജ ജനലിലൂടെ പുക ഉയരുന്നത് കണ്ട് മുകളിലേക്ക് കയറിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. പിന്നീട് കൊല്ലങ്കോട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. മുറിയിലെ വാതിലുകളും വസ്തുക്കളും പൂര്‍ണമായി കത്തിനശിച്ചു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് മേശ, അതിനുമുകളില്‍ സൂക്ഷിച്ച രേഖകളും പണവും കത്തി. പത്മജയുടെ എസ്.എസ്.എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ, ജില്ലാ തല കബഡി താരമായിരുന്ന അവളുടെ കായിക വിജയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായി.

അപകടസമയത്ത് വീടില്‍ മാതാവ് ശ്രീജ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിതാവ് ഗോപാലകൃഷ്ണന്‍ കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയാണ് ജോലി ചെയ്യുന്നത്. മറ്റൊരു മകള്‍ കൃഷ്ണജ കോയമ്പത്തൂരിലാണ് പഠനം.

വൈിദ്യുതി കൊണ്ടുള്ള അപകടം ഒഴിവാക്കുന്നതിന് ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി മുകളിലത്തെ നിലയിലേക്കുള്ള വൈദ്യുതിബന്ധം താത്കാലികമായി വിച്ഛേദിച്ചു. ആളപായം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഗോപാലകൃഷ്ണനും കുടുംബവും. പത്മജക്ക് പുതുതായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ താത്കാലിക സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.
أحدث أقدم