മലയാള മനോരമ ദിനപത്രത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച പരസ്യവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ എം പി ബഷീര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.. നാളെ സ്വന്തം ചാനലിനെയും മനോരമ ഓൺലൈനെയും തളളിപ്പറയുമോ ???? ചിരിപ്പിച്ച് കൊല്ലുമെന്ന് സോഷ്യൽ മീഡിയാ



അതിവിദൂര ഭാവിയില്‍ മനോരമ കുടുംബം മനോരമ ന്യൂസ് ചാനലിനെ തള്ളിപ്പറയുമെന്നും ഇതല്ലാതെ മറ്റെന്താണ് ഈ പരസ്യ വാചകങ്ങൾ കൊണ്ട് മനോരമ കമ്പനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

“വാര്‍ത്താ ചാനൽ നടത്തി 19 വര്‍ഷം പിന്നിടുമ്പോൾ ഇപ്പോൾ മുതലാളിക്ക് തോന്നുകയാണ്, സത്യമറിയാൻ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കണമെന്ന്” എന്നും അദ്ദേഹം കുറിച്ചു. ‘തൊടുന്നതെല്ലാം സത്യമെന്നു തോന്നാം, പത്രം വരുന്നത് വരെ മാത്രം’ എന്ന തലക്കെട്ടോടെയാണ് ഇന്ന് മനോരമ പത്രത്തില്‍ പരസ്യം അച്ചടിച്ചുവന്നത്.
എം പി ബഷീറിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:

മലയാള മനോരമ ഒന്നാം പേജിലെ സ്വന്തം പരസ്യം കാണുമ്പോൾ ഒരു പ്രവചന സാഹസത്തിനു മുതിരുകയാണ്. അനതിവിദൂര മനോരമ കുടുംബം മനോരമ ന്യൂസ് ചാനലിനെ തള്ളിപ്പറയും. മറ്റെന്താണ് ഈ പരസ്യ വാചകങ്ങൾ കൊണ്ട് മനോരമ കമ്പനി ഉദ്ദേശിക്കുന്നത്?:
“മുന്നിൽ വന്നു മിന്നുന്നത് ഊഹാപോഹങ്ങളാവാം, കേട്ടുകേൾവികളാകാം.
എന്തായാലും സംഗതി ക്ലിക്കായാൽ മതി എന്നാണു നിലപാട്.
പത്രത്തിനുള്ള ക്ലിക്ക് വേറെയാണ്. ഫോട്ടോ ജേര്ണലിസ്റ്റുകൾ സത്യത്തിനു നേരെ തുരുതുരെ ക്ലിക്ക് ചെയ്യും. ഞങ്ങളുടെ റിപോർട്ടർമാർ സംഭവ സ്ഥലത്തു നേരിട്ടെത്തും. കിട്ടുന്ന വിവരങ്ങൾ വാർത്തമേശയിൽ സൂക്ഷ്മമായി വിശകലനം ചെയ്യും, വിലയിരുത്തും. ധാർമികതയുടെ ഉരകല്ലിലും അത് പരിശോധിക്കപ്പെടും.

ഡിലീറ്റ് ബട്ടൺ ഞെക്കിയാൽ മാറുന്നതല്ല അച്ചടിയുടെ മഷിക്കൂട്ട്. അന്വേഷണങ്ങളും പരിശോധനകളും പഠനങ്ങളും നടത്തി ഒരു നീണ്ട ദിവസത്തിന്റെ പ്രയത്നമാണ് രാവിലെ വന്നു മുട്ടി വിളിക്കുന്നത്. ഉണരൂ സത്യമറിയൂ.
മലയാള മനോരമ.
സത്യം രാവിലെ അറിയാം.”

2003ൽ ഇന്ത്യാവിഷൻ വന്നപ്പോൾ മനോരമക്ക് പുച്ഛമായിരുന്നു. പുച്ഛം മാറി പരിഭ്രാന്തി പടരാൻ ഒരു വർഷമേ വേണ്ടിവന്നുള്ളൂ. ‘ഞങ്ങളാണ് , അതായതു മനോരമ പത്രമാണ്, കേരളത്തിന്റെ ഒരേയൊരു ചാനൽ’ എന്ന് ദേശീയ മാധ്യമങ്ങളിൽ വൻ പരസ്യങ്ങൾ ചെയ്തു നോക്കി. 2004-ലെ ലോക്സഭാതെരെഞ്ഞെടുപ്പു ഇന്ത്യാവിഷൻ തൂക്കിയപ്പോൾ ധൃതിപ്പെട്ടു ചാനൽ തുടങ്ങി. 2006ന്റെ രണ്ടാം പകുതിയിൽ ചാനൽ വരുമ്പോൾ, ടുട്ടൂസ് ടവറിലെ ദാരിദ്ര്യം വിട്ടു പകുതി പേർ അരൂരിലെത്തി. പ്രമോദ് രാമൻ, ഷിബു ജോസഫ്, രാജീവ് ദേവരാജ്, ഷാനി പ്രഭാകർ, ജയമോഹൻ.. അങ്ങനെ പലരും. ചാനൽ നടത്തി പരിചയമുള്ള പ്രൊഫഷണലുകളെയെല്ലാം വലവീശി പിടിച്ചെങ്കിലും, നടത്തിപ്പിന്റെ നേതൃത്വം ഏൽപിച്ചച്ചതു സ്വന്തം തോട്ടക്കാരെയാണ്. അതാണ് അച്ചായന്റെ ഒരു രീതി.
തോട്ടക്കാരും തൊമ്മിമാരും ചേർന്ന് രണ്ടു പതിറ്റാണ്ടു ഒരു ചാനൽ നടത്തി. ഒന്നാം സ്ഥാനത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവർ ഇപ്പോൾ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ചാനൽ നടത്തി 19 വര്ഷം പിന്നിടുമ്പോൾ ഇപ്പോൾ മുതലാളിക്ക് തോന്നുകയാണ്, സത്യമറിയാൻ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കണമെന്ന്. എപ്പടി?
أحدث أقدم