പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓടുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന 19 വയസുകാരിയെ കാറിൽ നിന്നു റോഡിലേക്ക് തളളിയിട്ട് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മീററ്റ് ദേശീയ പാതയിലാണ് സംഭവം നടന്നത്. മീററ്റിനും ബുലന്ദ്ഷഹറിനും ഇടയിലാണ് പെൺകുട്ടികൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
നോയിഡയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന 17 വയസുകാരിയും സുഹൃത്തായ പെൺകുട്ടിയും ചൊവ്വാഴ്ചയാണ് രണ്ട് യുവാക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്തത്. സന്ദീപ് സിങ്, അമിത് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് യുവതികൾ യാത്ര ചെയ്തതത്.
പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ കാറിലേക്ക് മറ്റൊരാൾ കൂടി കയറുകയായിരുന്നു. കാറില്‍ യാത്ര ചെയ്തുകൊണ്ട് അഞ്ച് പേരും മദ്യപിക്കുകയും പിന്നാലെ ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മീററ്റിനു സമീപത്തുവച്ച് യുവാക്കള്‍ 19വയസുകാരിയെ കാറിൽ നിന്നു പുറത്തേക്കു തള്ളിടുകയും 17 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്.
റോഡിലേക്ക് വീണ പത്തൊമ്പതുകാരിയുടെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. രാത്രി മുഴുവൻ പെണ്‍കുട്ടിയെ യുവാക്കള്‍ ഓടുന്ന കാറില്‍ ഉപദ്രവിച്ചതായും പിറ്റേന്നു രാവിലെ രക്ഷപെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കാനെത്തിയതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.