ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം… ഒരാൾ മരിച്ചു….വീടുകൾക്ക് നാശനഷ്ടം...

ശക്തമായ മഴയിൽ വ്യാപക നാശം…ഒരാൾ മരിച്ചു… വീടുകൾക്ക് നാശനഷ്ടം

ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കോതി അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് ഫിറോസ് എന്നയാളുടെ ഫൈബർ വള്ളവും എൻജിനും തകർന്നു.

കോഴിക്കോട് വെള്ളയിൽ ഹാർബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു.
ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) ആണ് മരിച്ചത്. കടൽ പെട്ടെന്ന് ക്ഷുഭിതമായപ്പോൾ തോണി തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടൂളി കെ.ടി. റോഡിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. കടാംകുന്നത്ത് സദാനന്ദന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. രാവിലെ 9.45-ഓടെയാണ് അപകടം. തൊട്ടടുത്തുള്ള കടാംകുന്നത്ത് വത്സലയുടെ വീടിനു മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. വീടിനു ഭാഗികമായി കേടുപാട് സംഭവിച്ചു. മൂന്നുവർഷംമുമ്പ് കെട്ടിയ മതിലാണ് തകർന്നുവീണത്. ആളപായമില്ല.

കണ്ണൂർ കുറുവയിൽ രണ്ട് വീടുകളിലേയ്ക്ക് മതിൽ ഇടിഞ്ഞുവീണു. ഉഷാജ്, ജാസ്മിൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. രാവിലെയായിരുന്നു അപകടം.

കോഴിക്കോട് ചെക്യാട് കൊയമ്പ്രം പാലം പരിസരത്ത് ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. തുണ്ടിയിൽ ശ്രീധരൻ, ശാന്ത എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഇരുവീടുകളുടെയും ഇലക്ട്രിക്, വയറിങ്ങുകൾ കത്തിനശിച്ചു. വീടിന്റെ അടുക്കളയിലെ ടൈലുകൾക്കും കിണറിന്റ ആൾമറയ്ക്കും വീടിന്റെ തറയ്ക്കും കേടുപാട് സംഭവിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു



أحدث أقدم