യുവതിയെ കാറിടിപ്പിച്ച് കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.. കൊലയിലേക്ക് നയിച്ചത് നീതുവിനെ കെട്ടേണ്ടി വരുമോ എന്ന ആശങ്ക





കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോഡ്രൈവർ മേലേറ്റ്തകിടി അമ്പഴത്തിനാൽവീട്ടിൽ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്നു ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കൂത്രപ്പള്ളി സ്വദേശി നീതുവിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടിയിൽവെച്ചാണ് കൂത്രപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ നീതുവിനെ അൻഷാദ് കാറിടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു.

റോഡരികിൽ കിടന്ന നീതുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അപകട മരണമാണെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചിരുന്നത്. എന്നാൽ ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാർ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി.

കഴിഞ്ഞ കുറഞ്ഞ് വര്‍ഷങ്ങളായി നീതു ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ നീതു കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. നീതുവും അന്‍ഷാദും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്ന് ഇവരുടെ ആദ്യ ഭര്‍ത്താവ് ഡൈവോഴ്സിന് കേസ് നല്‍കിയിരുന്നു. ഈ കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് അന്‍ഷാദിന്റെ ഭാര്യയും ഡൈവോഴ്സ് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അന്‍ഷാദ് കറുകച്ചാലില്‍ വാടകയ്ക്ക് എടുത്തു നല്‍കിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്. ഇതിനിടെ നീതുവും അന്‍ഷാദും തമ്മില്‍ തര്‍ക്കമുണ്ടായി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് നീതു അന്‍ഷാദില്‍ നിന്നും അകന്നു. ഇതിനിടെ അന്‍ഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, അന്‍ഷാദ് നീതുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ മോചനം കിട്ടിയാല്‍ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്തയാണ് കൊലയ്ക്ക് കാരണം.

സംഭവ ദിവസം സുഹൃത്തിനോടൊപ്പമാണ് പ്രതി കാറില്‍ എത്തിയത്. നീതു ജോലിയ്ക്കായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വാടകയ്ക്കെടുത്ത കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അന്‍ഷാദ് പിടിയിലായത്.
Previous Post Next Post