ന്യൂഡൽഹി: ഹരിയാനയിലെ റോഹ്തകിലുള്ള സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) വനിത കോച്ചിങ് പരിശീലകനെതിരേ പീഡന പരാതിയുമായി 17 വയസുകാരിയായ ബോക്സർ. പെൺകുട്ടിയുടെ പരാതിയിൽ ഹരിയാന പൊലീസ് പോക്സോ വകുപ്പു പ്രകാരം പരിശീലകനെതിരേ കേസെടുത്തു.
അയർലണ്ടിൽ നടന്ന ഒരു ഇന്ത്യാ ക്യാംപിനിടെ (മാർച്ച് 24 മുതൽ ഏപ്രിൽ 3 വരെ) പരിശീലകൻ തന്‍റെ മകളെ ശാരീരിക - ലൈംഗിക പീഡനങ്ങൾ നടത്തിയതായി ബോക്സറുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യയിലെ യുവ ബോക്സർമാർക്കുള്ള പരിശീലന, എക്സ്പോഷർ ക്യാമ്പിന്‍റെ തലവനായിരുന്നു ആരോപണ വിധേയനായ പരിശീലകൻ.
പോക്സോ വകുപ്പിലെ സെക്ഷൻ 10, ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 115, 351(3) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരിശീലകനെ സ്ഥാനത്തു നിന്നും മാറ്റാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
തങ്ങൾക്ക് ലഭിച്ച പരാതിയിൽ തല്ല് പോലുള്ള ശാരീരിക പീഡനം മാത്രമാണുള്ളതെന്നും ബോക്സറോ അവരുടെ മാതാപിതാക്കളോ പരിശീലകനെതിരെ ലൈംഗിക പീഡനം ഉന്നയിച്ചിട്ടില്ലെന്നുമാണ് ബോക്സിങ് ഫെഡറേഷന്‍റെ വിശദീകരണം.
'പരാതി ലഭിച്ച ഉടൻ തന്നെ രണ്ട് അംഗങ്ങളുടെ ഒരു പാനൽ രൂപീകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. മൊഴികൾ രേഖപ്പെടുത്താൻ ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. പരിശീലകൻ തല്ലുന്നതിനെക്കുറിച്ചും ഫ്രണ്ട് റോളുകൾ ചെയ്യാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചുമാണ് പരാതിക്കാരിയായ ബോക്സർ സംസാരിച്ചത്. ടീമിലെ മറ്റ് അംഗങ്ങളുമായും സപ്പോർട്ട് സ്റ്റാഫുമായും പരിശീലകനുമായും ഞങ്ങൾ സംസാരിച്ചു. റോഹ്തക്കിലെ അക്കാദമി സന്ദർശിക്കുകയും അവിടെയുള്ള ബോക്സർമാരുമായി സംസാരിക്കുകയും ചെയ്തു. ഞങ്ങളുടെ റിപ്പോർട്ട് ഞങ്ങൾ എസ്എഐക്ക് സമർപ്പിച്ചു'- എന്നും ബോക്സിങ് ഫെഡറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.