ഹേമചന്ദ്രൻ കൊലക്കേസ്; നിർണായക കണ്ടെത്തൽ


വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ പൊലീസ് കണ്ടെത്തി. മൈസൂരിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. പ്രതികളുമായി പൊലീസിന്‍റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതികള്‍ വലിയ ആസൂത്രണം നടത്തിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കി. ഹേമചന്ദ്രന്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നൗഷാദ് ആവശ്യപ്പെട്ടതനുസരിച്ച് കണ്ണൂരിലെ ഒരു പെണ്‍ സുഹൃത്താണ് ഹേമചന്ദ്രനോട് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പറഞ്ഞത്. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് ഈ സ്ത്രീക്ക് അറിവുണ്ടായിരുന്നില്ല. ഗുണ്ടല്‍പേട്ടിലെ ഒരു സ്ത്രീക്കും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. നൗഷാദിന്റെ അയൽപക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. ശരീരത്തിൽ ഏറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പേരെ പൊലീസ് അടുത്ത ദിവസം കസ്റ്റഡിയിലെടുക്കും.

أحدث أقدم