സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.
സര്‍വിസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
അതേസമയം, ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറുകയായിരുന്നു.
മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.
ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലിസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ വ്യക്തമാക്കി.
ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തി.
ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.