ലോസ് ഏഞ്ചൽസ്: ഈസ്റ്റ് ഹോളിവുഡിലെ പ്രശസ്തമായ വെർമോണ്ട് ഹോളിവുഡ് ക്ലബ്ബിന് പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 20-ലധികം പേർക്ക് നിസ്സാര പരിക്കുകളോടെ 30-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
ക്ലബ്ബിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളാണ് ചാരനിറത്തിലുള്ള നിസ്സാൻ വെർസ കാർ നടപ്പാതയിലേക്ക് മനഃപൂർവം ഓടിച്ചു കയറ്റിയതെന്ന് പോലീസ് പറഞ്ഞു. ഒരു വാലറ്റ് സ്റ്റാൻഡിലും ടാക്കോ സ്റ്റാൻഡിലും ഇടിച്ച ശേഷം ഒരു ലൈറ്റ് സ്റ്റാൻഡിലേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിരവധി പേരെ വീഡിയോയിൽ കാണാം.
ഡ്രൈവറെ കാറിൽ നിന്ന് പുറത്തെടുത്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കൈകൾ ബന്ധിക്കുകയും കാഴ്ചക്കാർ മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ തെരുവിന് എതിർവശത്തുനിന്നും ഒരാൾ ഇയാൾക്ക് നേരെ വെടിയുതിർത്തു. വെടിയേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് 124 അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻതന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. റെഗ്ഗെറ്റോൺ, ഹിപ്-ഹോപ്പ് സംഗീതം അവതരിപ്പിക്കുന്ന ട്രാപ്പേറ്റൺ പാർട്ടി ക്ലബ്ബിൽ ഒരു ലാറ്റിനോ ജനക്കൂട്ടമാണ് പ്രധാനമായും എത്തിയിരുന്നത്. വെടിവെച്ചയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. 5 അടി 9 ഇഞ്ച് ഉയരവും 180 പൗണ്ട് ഭാരവുമുള്ള നീല ജേഴ്‌സിയും വെള്ളി നിറത്തിലുള്ള റിവോൾവറും കൈവശമുള്ള ഒരു ലാറ്റിനോ പുരുഷനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് ഈ സംഭവത്തെ “ഹൃദയഭേദകമായ ദുരന്തം” എന്ന് വിശേഷിപ്പിക്കുകയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എൽഎഎഫ്ഡി, എൽഎപിഡി ഉദ്യോഗസ്ഥർക്ക് നന്ദി പറയുകയും ചെയ്തു.