തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.