റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 49 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി


        

വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് 49 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നടന്നുപോകുമ്പോൾ ദേഹത്തു തട്ടിയത് ചോദ്യം ചെയ്തതിന്റെ പേരിൽ തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കേസിൽ അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷ്റഫ് ക്വാർട്ടേഴ്സിൽ പി.സുകേഷിനെ (36) ആണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പിഴ തുക മരണപ്പെട്ട പെരിയസ്വാമിയുടെ ആശ്രിതർക്ക് നൽകണമെന്നും, പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. കേസിലെ രണ്ടാംപ്രതി അഷ്റഫ് ക്വാർട്ടേഴ്സിൽ എം. രഞ്ജിത്ത് (27) കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ ഇയാളെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

2018 ഫെബ്രുവരി 24ന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളപട്ടണം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പെരിയ സ്വാമിയും സുഹൃത്ത് അയ്യേകണ്ണും നടന്നുപോകുകയായിരുന്നു. ഈ സമയം സുകേഷ് അയ്യേകണ്ണിന്റെ ദേഹത്ത് തട്ടുകയും പെരിയസ്വാമി ഇത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ പ്രകോപനത്തിൽ സുകേഷ് പെരിയസ്വാമിയെ അടിക്കുകയും ചവിട്ടുകയും ചെയ്തശേഷം അരയിൽ കരുതിയ കത്തിയെടുത്തു കുത്തികൊല്ലുകയും ചെയ്തു എന്നാണ് കേസ്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ.ജോസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷ് ഹാജരായി.

Previous Post Next Post