തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല; വീഡിയോ സന്ദേശവുമായി കെവിന്റെ പെൺസുഹൃത്ത്


തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊലയിൽ അച്ഛനമ്മമാർക്ക് യാതൊരു പങ്കുമില്ലെന്ന് കെവിന്റെ പെൺസുഹൃത്ത് സുഭാഷിണി. അച്ഛനമ്മമാരെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും കൊലപാതകവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും പെൺകുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. ഇരുവരെയും വെറുതെ വിടണമെന്നാണ് സുഭാഷിണി പറയുന്നത്. മാതാപിതാക്കൾ കെവിനെ കൊലപ്പെടുത്താൻ നിർദേശം നൽകിയിട്ടില്ല. സഹോദരൻ പ്രകോപനത്തിന്റെ പുറത്ത് ചെയ്തതാണെന്നും സുഭാഷിണി പറയുന്നു.

തനിക്കും കെവിനും ഇടയിൽ സംഭവിച്ചത് തങ്ങൾക്ക് മാത്രമേ അറിയൂ. പലരും പലതും പറയുന്നുണ്ട്. തന്റെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും പെൺകുട്ടി പറയുന്നു. കെവിനും തനിക്കും ഇടയിൽ ഉണ്ടായിരുന്നത് യഥാർഥ പ്രണയമാണ്. കുറച്ചുനാൾ കൂടി കാത്തിരിക്കാനായിരുന്നു കെവിൻ പറഞ്ഞിരുന്നത്. അടുത്തിടെയാണ് അച്ഛൻ ഞങ്ങളുടെ കാര്യം ചോദിച്ചത്. അപ്പോൾ തങ്ങൾക്കിടയിൽ ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്. അത് കെവിന്റെ നിർദേശ പ്രകാരമായിരുന്നെന്നും പെൺകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

തിരുനെൽവേലിയിൽ ഐടി പ്രൊഫഷണലും ദളിത്‌ വിഭാഗക്കാരനുമായ കെവിൻകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോ​ഗസ്ഥരാണ്. കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും പ്രതികളായവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.

ജൂലൈ 25-ന് കെടിസി നഗറില്‍ വെച്ച് സുഭാഷിണിയുടെ സഹോദരൻ സുർജിത്തും(22) ഒരു സുഹൃത്തും ചേർന്ന് 25 വയസ്സുള്ള കെവിൻകുമാറിനെ വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ കീഴടങ്ങിയ സുര്‍ജിത്തിനെ അറസ്റ്റുചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ശരവണനെയും കൃഷ്ണകുമാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തന്റെ മകന്റെ മരണത്തില്‍ നീതിനടപ്പാക്കാന്‍വേണ്ടി അഭ്യര്‍ഥിച്ച കെവിന്‍ കുമാറിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക നിരസിക്കുകയും മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. കൂടാതെ പോലീസ് ദമ്പതികൾക്ക് ജോലിയിൽ നിന്ന് സസ്‌പെൻഷനും ലഭിച്ചിരുന്നു.

Previous Post Next Post