അഞ്ച് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ വീട്ടുജോലിക്കാരന് 73 വർഷവും ആറുമാസവും കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴം കുന്നുംപുറത്ത് വീട്ടിൽ എം. സജീവനെ (50) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 17 മാസം അധിക കഠിനതടവും അനുഭവിക്കണം. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി
2023 ലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ അപ്പൂപ്പന് ചികിത്സാ സഹായത്തിനെത്തിയ പ്രതി, കുട്ടിയെ നിരന്തരമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് മുറിവുകൾ കണ്ട മാതാവ് ചോദിച്ചപ്പോഴാണ് വിവരം അറിയുന്നത്. പിന്നാലെ മണ്ണന്തല പൊലീസിലും സിഡബ്ല്യുസി യിലും വിവരം അറിയിച്ച് കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി. ആർ പ്രമോദ്, അഭിഭാഷകരായപ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. മണ്ണന്തല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി സൈജുനാഥ്, ബൈജു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്