കോട്ടയം: വൈക്കത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ സിപിഐയ്ക്കും ജില്ലയില്‍ പുതിയ സാരഥി എത്തും. നിലവിലെ സെക്രട്ടറി വി.ബി.
ബിനു ഇനി സെക്രട്ടറിയാകാന്‍ താത്പര്യമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു കത്തുനല്‍കി.
ഓഗസ്റ്റ് എട്ടു മുതല്‍ 10 വരെ വിപുലമായ രീതിയിലാണു പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വൈക്കത്ത് ജില്ലാ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ തവണ ഏറ്റുമാനൂരില്‍ നടന്ന സമ്മേളനത്തില്‍ അപ്രതീക്ഷിതമായി നടന്ന മത്സരത്തില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ നോമിനെയെ പരാജയപ്പെടുത്തിയാണ് ബിനു സെക്രട്ടറിയാകുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ പങ്കെടുത്ത സമ്മേളനത്തില്‍ അദ്ദേഹവും സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ച വി.കെ. സന്തോഷ് കുമാറിനെയാണ് ബിനു പരാജയപ്പെടുത്തിയത്.
സെക്രട്ടറി കാലയളവില്‍ സിപിഐയെ ജില്ലയിലെ കരുത്തുറ്റ പാര്‍ട്ടിയായി നയിക്കാന്‍ ബിനുവിനു സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബിനുവിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം എങ്ങനെ പരിഗണിക്കും എന്നറിയാന്‍ സമ്മേളനംവരെ കാത്തിരിക്കണം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാതിനിധ്യം കൊടുക്കണമെന്നാണ് ബിനു ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വന്നാല്‍ കഴിഞ്ഞ തവണ ബിനുവിനോടു പരാജയപ്പെട്ട എഐടിയുസി ജില്ലാ സെക്രട്ടറി കൂടിയായ വി.കെ. സന്തോഷ്‌കുമാര്‍, നിലവിലെ ജില്ലാ അസി. സെക്രട്ടറിമാരിലൊരാളായ ജോണ്‍ വി. ജോസഫ്, ജില്ലാ ട്രഷറര്‍ ബാബു കെ. ജോര്‍ജ് എന്നിവരിലൊരാള്‍ സെക്രട്ടറിയാകും.
വൈക്കം മുന്‍ എംഎല്‍എ കെ. അജിത്തിന്‍റെ പേരും പരിഗണനയിലുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന ബിനു സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയേക്കും. സംസ്ഥാന അസി. സെക്രട്ടറിമാരിലൊരാളായോ അല്ലെങ്കില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായോ ബിനുവിനെ പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഉറച്ച സീറ്റിലൊന്നോ, രാജ്യസഭാ സീറ്റോ ബിനുവിനു നല്‍കിയേക്കാം.
ജില്ലാ സമ്മേളനത്തിനു മുന്നോടിയായി 622 ബ്രാഞ്ച് സമ്മേളനങ്ങളും 98 ലോക്കല്‍ സമ്മേളനങ്ങളും 11 മണ്ഡലം സമ്മേളനങ്ങളും പൂര്‍ത്തിയായി. പുതിയ നേതൃനിരയാണ് എല്ലായിടത്തും.
300 പ്രതിനിധികള്‍ പങ്കെടുക്കുന്ന ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനവും വൈക്കം ബീച്ചില്‍ നടക്കുന്ന ചുവപ്പുസേനാ മാര്‍ച്ചും സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് ഉദ്ഘാടനം ചെയ്യുന്നത്.
സമ്മേളനത്തിനു മുന്നോടിയായി ഒമ്പത് നിയോജക മണ്ഡലങ്ങളിലായി വിദ്യാര്‍ഥി, യുവജന, മഹിളാ സമ്മേളനങ്ങളും കര്‍ഷക, തൊഴിലാളി സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്