കോട്ടയം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ആറു ദിവസമായി വൈദ്യുതി മുടങ്ങിയ മീനടം നാരകത്തോട് വൈദ്യുതി
.
ദിവസങ്ങളായി വൈദ്യുതിയില്ലാത്ത നാട്ടുകാരും ബിജെപി പ്രവർത്തകരും കേന്ദ്രമന്ത്രിയുടെ ഇടപെടൽ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചിരുന്നു. വൈദ്യുതി ബോർഡ് അധികൃതരുമായി കേന്ദ്രമന്ത്രി നേരിട്ട് ഞായറാഴ്ച്ച രാത്രി തന്നെ ചർച്ച നടത്തി.ഏറ്റവും വേഗത്തിൽ പ്രശ്നം പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് തിങ്കളാഴ്ച്ച രാവിലെ ബി.ജെ. പി മേഖല പ്രസിഡൻ്റ് എൻ. ഹരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ.എസ് ഇ ബി ഓഫീസിൽ എത്തി ഉപരോധിച്ചു. ഇക്കാര്യത്തിൽ ഉറപ്പ് നൽകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അറിയിച്ചു. ഇതെ തുടർന്ന് തിങ്കളാഴ്ച്ച വൈകുന്നേരത്തിനുള്ളിൽ പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെ എസ് ഇ ബി അധികൃതർ ഉറപ്പുനൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
വൈദ്യുതി ദിവസങ്ങളോളം നിലച്ചതിനെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ കടുത്ത ദുരിതത്തിൽ ആയിരുന്നു. മോട്ടോർ പ്രവർത്തിക്കാത്തതിനാൽ വീടുകളിൽ കുടിവെള്ളം പോലും ഇല്ലാതായി. വൃദ്ധജനങ്ങളും കുട്ടികളും വീർപ്പുമുട്ടുന്ന അവസ്ഥയിലായി. പലരും വീട് ഉപേക്ഷിച്ച് ഹോട്ടലുകളിൽ മുറിയെടുക്കേണ്ട അവസ്ഥയിലായി.
കെഎസ്ഇബിയിലെ അതിരൂക്ഷമായ ജീവനക്കാരുടെ കുറവാണ് മഴക്കെടുതികൾ വർദ്ധിക്കുമ്പോൾ വൈദ്യുതി വിതരണം താറുമാറാകുന്നതിന് പ്രധാന കാരണമെന്ന് എൻ. ഹരി ആരോപിച്ചു. അംഗബലമില്ലാതെ കെഎസ്ഇബി മുടന്തുകയാണ്. ആവശ്യത്തിന് വേണ്ട ജീവനക്കാരുടെ നാലിലൊന്നു പോലുമില്ല. പ്രത്യേകിച്ച് ലൈൻമാൻമാരുടെ വലിയ കുറവാണ് കെഎസ്ഇബി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണം. അല്ലെങ്കിൽ കേരളത്തിൽ വൈദ്യുതി സംബന്ധിച്ച് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാവും.
മേഖല സെക്രട്ടറി രവീന്ദ്രനാഥ് വകത്താനം,ജില്ലാ ജനറൽ സെക്രട്ടറി വി സി അജി കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ,മണ്ഡലം ട്രഷറർ പ്രസാദ് വെണ്ണിമല,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, പഞ്ചായത്ത് പ്രസിഡന്റ് രാജു മീനടം, പ്രശാന്ത് പയ്യപാടി, പ്രേമൻ നാരകത്തോട് തുടങ്ങിയവർ പ്രതിഷേധ സമരത്തിൽ അണിനിരന്നു