കാണാതായി ആറ് ദിവസം, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍; താനൊരു പരാജയമെന്ന് കുറിപ്പ്




ന്യൂഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈ ഏഴിന് കാണാതായ സ്‌നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ് വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്ത് യമുനാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സ്‌നേഹ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സ്‌നേഹയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സ്നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു കുറിപ്പ് ലഭിച്ചതാണ് ഈ സൂചനകള്‍ നല്‍കുന്നത്. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ജീവിതം അസഹനീയമായി തുടങ്ങിയെന്നും പറയുന്നതാണ് കുറിപ്പ്. ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും കുറിപ്പിലുണ്ട്. തന്റെ തീരുമാനത്തിന് പിന്നില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും സ്നേഹ എഴുതിയിരുന്നു. 

എന്നാല്‍, സ്‌നേഹയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. കാണാതായ ദിവസം രാവിലെ 5.56ന് സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് സ്‌നേഹ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. എന്നാല്‍ ഈ സുഹൃത്ത് അന്ന് സ്‌നേഹയെ കണ്ടിട്ടില്ലെന്ന് അറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെയാണ് സ്്നേഹ സിഗ്‌നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. സിഗ്‌നേച്ചര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങളില്‍ സ്നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ സിസിടിവി ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത പ്രദേശത്ത് പെണ്‍കുട്ടി എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
أحدث أقدم