അടുത്ത ഉപരാഷ്ട്രപതി ബിജെപി നേതാവ് തന്നെ.. ആരിഫ് മുഹമ്മദ് ഖാന്‍റെ പേരും പരിഗണനയിൽ


        
ജഗ്ദീപ് ധൻകറിൻറെ അപ്രതീക്ഷിത പടിയിറങ്ങലിന് പിന്നാലെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതിൽ ചർച്ചകൾ തുടരുന്നു. ബിജെപി നേതാവിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജെ പി നദ്ദ, വസുന്ധര രാജെ സിന്ധ്യ, മനോജ് സിൻഹ​ എന്നിവരുടെ പേരുകൾ പരി​ഗണനയിലുണ്ട്. മുക്താർ അബ്ബാസ് നഖ്വി, ആരിഫ് മുഹമ്മദ് ഖാൻ, എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. രാം നാഥ് താക്കൂർ, നിതീഷ് കുമാർ, ഹരിവന്‌‍ഷ് നാരായൺ സിം​ഗ് എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുണ്ട്.

പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് ശക്തമായി ചേർന്നുനിൽക്കുന്ന ഒരാളെ ഉപരാഷ്ട്രപതിയായി നിയമിക്കാനാണ് ബിജെപിക്ക് താൽപ്പര്യമെന്നാണ് വൃത്തങ്ങൾ പറയുന്നത്. രാംനാഥ് താക്കൂറിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. താക്കൂർ അടുത്തിടെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ഒരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നെന്നും, ഇതേ കാലയളവിൽ മറ്റ് നിരവധി എംപിമാരും നദ്ദയെ കണ്ടിരുന്നെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. താക്കൂറിൻറെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ജെഡിയു നേതൃത്വവും ബിജെപിയും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അടുത്ത ഉപരാഷ്ട്രപതിയായി ബിഹാറിൽ നിന്നുള്ള ഒരു നേതാവിനെ ബിജെപി തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താക്കൂറിൻറെ പേരും ഉയർന്നുവന്നത്. ജഗ്ദീപ് ധൻകറിൻറെ രാജികാരണം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉപരാഷ്ട്രപതി സ്ഥാനം ലഭിക്കുമെന്നൊരു വാദവും നിലവിലുണ്ട്.



أحدث أقدم