
പുഴയിൽ ഒഴുക്കിൽപ്പെട്ട പതിനാലുകാരിയുടെ ജീവനായി പ്രാർത്ഥിച്ച് കുടുംബവും നാട്ടുകാരും. കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ഒഴുക്കിൽപെട്ട് പുലാപ്പറ്റ അമൃതാലയത്തിൽ ശിവാനിയെ ജീവനോടെ രക്ഷിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകീട്ട് 5.30 ന് ശ്രീകണ്ഠേശ്വരം മുണ്ടോളിക്കടവിലായിരുന്നു അപകടം. നാല് പേരടങ്ങുന്ന കുടുംബം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. കാൽവഴുതിയ ശിവാനി വെള്ളത്തിൽ അകപ്പെട്ടു. കൂടെയുള്ളവ൪ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കുട്ടിയെ ജീവനോടെ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.