ബഹിരാകാശത്തുനിന്ന് കണ്ട ഭൂമി.. ശുഭാംശു ശുക്ലയുടെ വാക്കുകൾ സിലബസിൽ ഉൾപ്പെടുത്തി എൻ.സി.ആർ.ടി


        
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയെക്കുറിച്ച് സിലബസിൽ ഉൾപ്പെടുത്തി എൻസിഇആർടി. അഞ്ചാം ക്ലാസ്സിലാണ് പാഠഭാഗം ഉൾപ്പെടുത്തുന്നത്. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോടു അദ്ദേഹം പറഞ്ഞ വാക്കുകളും പഠിക്കും.

പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. ”ഭൂമിയെ പുറത്തുനിന്നുകണ്ടപ്പോൾ, മനസ്സിൽ ആദ്യം തോന്നിയത് അത് മുഴുവൻ ഒന്നായി കാണപ്പെടുന്നു എന്നാണ്; ഒരതിർത്തിയും കാണാനായില്ല. ഒരതിർത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നാമെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ്, ഭൂമി നമ്മുടെ വീടും. നാമെല്ലാം അതിലുണ്ട്” എന്ന ശുഭാംശുവിന്റെ വാക്കുകൾ ഈ അധ്യായത്തിലുണ്ട്.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസത്തെ ഐഎസ്എസ് വാസത്തിനുശേഷം തിരിച്ചെത്തിയ ശുഭാംശു ഇപ്പോൾ യുഎസിലാണ്. അടുത്ത മാസം ഇന്ത്യയിലെത്തും. നിരവധി തവണ വിക്ഷേപണം മാറ്റിവച്ചതിന് ശേഷം, 2025 ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി ശുഭാംശു ശുക്ലയുടെ മടങ്ങിവരവ്, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി അടയാളപ്പെടുത്തുന്നു. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള നിർണായക പരിശീലനങ്ങളുടെയും അനുഭവസമ്പത്തിന്റെയും ഭാഗമായാണ് ഈ ദൗത്യത്തെ കാണുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതിയായ ഗഗൻയാൻ, രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക രംഗത്തെ വലിയ കുതിച്ചുചാട്ടമായിരിക്കും.


أحدث أقدم