മനാമ: വീട്ടുജോലിക്കാരിയായ യുവതിയെ ശമ്പളം നൽകാതെയും പാസ്പോർട്ട് പിടിച്ചുവച്ചും ചൂഷണം ചെയ്ത സ്ത്രീയ്ക്ക് 3 വർഷം തടവും 3,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ച് കോടതി.
ഗാർഹിക തൊഴിലാളിയായ യുവതിക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള തുക നൽകാനും ബഹ്റൈൻ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ഉത്തരവിട്ടു. അനധികൃതമായ തൊഴിൽ ക്രമീകരണങ്ങളിലൂടെ നിർബന്ധിത ജോലിക്കും ചൂഷണത്തിനും തൊഴിലാളിയെ വിധേയമാക്കിയതായും കോടതി കണ്ടെത്തി.
ഏഷ്യക്കാരിയും 25 വയസ്സുകാരിയുമായ യുവതി സന്ദർശക വീസയിലാണ് ബഹ്റൈനിൽ എത്തിയത്. പ്രതിമാസം 120 ദിനാറിന് വീട്ടുജോലി പ്രതീക്ഷിച്ചാണ് എത്തിയത്. പ്രതിയായ സ്ത്രീയുടെ വീട്ടിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല പാസ്പോർട്ടും പിടിച്ചുവച്ചു. രാത്രിയിൽ അടുക്കളയിലെ തറയിൽ വേണം കിടന്നുറങ്ങാൻ. മറ്റ് വീടുകളിലേക്ക് ജോലിക്കായി പറഞ്ഞയക്കുകയും അവിടെ നിന്ന് ലഭിക്കുന്ന തുക ഇവർ നേരിട്ട് വാങ്ങിയെടുക്കുകയുമായിരുന്നു
.
ആദ്യത്തെ 2 മാസത്തിന് ശേഷം ജോലി ചെയ്ത 9 വീടുകളിൽ നിന്നും ശമ്പളം ലഭിച്ചിരുന്നില്ലെന്നും പ്രതിയായ സ്ത്രീ ഇതുവരെ ആകെ 200 ദിനാർ മാത്രമാണ് തനിക്ക് നൽകിയതെന്നും യുവതി കോടതിയെ ബോധ്യപ്പെടുത്തി. ജോലി ചെയ്തിരുന്ന വീടുകളിലൊന്നിലെ അംഗങ്ങൾ നിയമപരമായി തന്നെ സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇവർ പാസ്പോർട്ട് നൽകാൻ തയാറായില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. ഒൻപതോളം കുടുംബങ്ങളിൽ അനധികൃതമായാണ് യുവതി ജോലി ചെയ്തിരുന്നത്.