വിവാദ ഫോൺ സംഭാഷണം; ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി


തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി. സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്ന് പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. സംഭവം വിവാദമായതിനു പിന്നാലെഎഐസിസി നിർദേശപ്രകാരം കെപിസിസി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പാലോട് രവിയുമായി ഫോണിൽ സംസാരിച്ചിരുന്ന കോൺഗ്രസ് നേതാവിനെയും പുറത്താക്കിയിട്ടുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്‌.

വാര്‍ഡിലെ എല്ലാ വീടുകളിലും ബന്ധം ഉണ്ടാകണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍ ഒരുത്തനും വോട്ട് ചെയ്യില്ല. ഇപ്പോഴേ ഒരോ വീട്ടിലും ചെന്ന് പരാതികള്‍ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും പാലോട് രവി നിര്‍ദേശിക്കുന്നുണ്ട്.

ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പറഞ്ഞത്.

മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറും. മറ്റു ചിലര്‍ ബിജെപിയിലേക്കും പോകും. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

നാട്ടിലിറങ്ങി നടന്ന്‌ ജനങ്ങളുമായി സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്. ഈ പാര്‍ട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകര്‍ക്കുന്നതിന്‍റെ ഉത്തരവാദിത്തം ഉണ്ടാകണം.

ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാർഥമായി സ്‌നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പാലോട് രവി പറഞ്ഞു.
أحدث أقدم