ക്രിസംഘികളും കാസയും വെറും എടുക്കാ ചരക്കുകള്‍; ഹിന്ദുത്വമാണ് പാര്‍ട്ടിയുടെ അടിത്തറ എന്ന് ഒടുവില്‍ ബിജെപിയുടെ തിരിച്ചറിവ്


കേരളത്തില്‍ ക്രൈസ്തവരെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തുന്നത് പരിധി വിട്ട നീക്കങ്ങളാണ്. പാര്‍ട്ടിയുടെ അടിസ്ഥാന ആശയം ഹിന്ദുത്വമാണ്. നിലമ്പൂരില്‍ ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളാണിത്.

ക്രൈസ്തവര്‍ക്കിടയില്‍ മുസ്ലീം വിരോധം പരമാവധി കുത്തിവെക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ രൂപം കൊടുത്ത കാസ (Christian Association and Alliance for Social Action-CASA) പോലുള്ള ക്രിസംഘികളെ കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാലണയുടെ പോലും പ്രയോജനമില്ലെന്ന തിരിച്ചറിവിലാണ് ബിജെപി. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികളേയും അവരുടെ സ്ഥാപനങ്ങളേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് എത്ര അടുക്കാന്‍ ശ്രമിച്ചാലും അത് വോട്ടായി പരിണമിക്കില്ലെന്ന ബോധ്യം പാര്‍ട്ടി നേതൃത്വത്തിനുണ്ടായി എന്നാണ് കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളില്‍ നിന്ന് പുറത്തു വരുന്നത്.
മുനമ്പം ഭൂമി വിഷയം പരമാവധി ആളിക്കത്തിച്ച് ക്രിസ്ത്യാനികളുടെ വോട്ടും സിംപതിയും പിടിച്ചു പറ്റാന്‍ നടത്തിയ ശ്രമങ്ങളും അമ്പേ പാളിപ്പോയി. വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ മുനമ്പത്തെ ഭൂപ്രശ്‌നത്തിന് രണ്ടാഴ്ച കൊണ്ട് പരിഹരിക്കുമെന്ന ബിജെപിയുടെ പ്രചരണം വെറും തട്ടിപ്പായിരുന്നു എന്ന് നിയമം പാസായതോടെ ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് സമ്മതിക്കേണ്ടി വന്നു. വഖഫ് നിയമം കൊണ്ട് മുനമ്പം വിഷയം തീരില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന് തന്നെ സമ്മതിക്കേണ്ടി വന്നു. മുസ്ലീം വിരോധം കുത്തിവെച്ച് ക്രിസ്ത്യാനികളുടെ വോട്ട് തട്ടാനുള്ള ശ്രമങ്ങള്‍ ഒന്നൊന്നായി പാളുന്നതാണ് കണ്ടത്. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ബിജെപി നേതൃത്വം തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്ന തിരിച്ചറിവിലാണ് എറണാകുളത്തെ ലത്തീന്‍ കത്തോലിക്ക സഭ നേതൃത്വം. നിയമ പോരാട്ടത്തിലൂടെ മാത്രമേ ഭുമി പ്രശ്‌നം പരിഹരിക്കാനാവുന്ന കേന്ദ്ര മന്ത്രി റിജിജുവിന്റെ പ്രസ്താവനയോടെ ലത്തീന്‍ സഭയുടെ പിന്തുണ ബിജെപിക്ക് നഷ്ടപ്പെട്ട അവസ്ഥയിലാണ്.

നിലമ്പൂരില്‍ ബിജെപി മത്സരിക്കുന്നില്ലെന്ന് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ച ശേഷം പിന്നിടാണ് ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടി ഇറക്കിയത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ കേരള കോണ്‍ഗ്രസുകാരാനായിരുന്ന മോഹന്‍ ജോര്‍ജിനെ കാലു മാറ്റി കൊണ്ടുവന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആക്കിയെങ്കിലും മാര്‍ത്തോമ്മാക്കാരനായ അദ്ദേഹത്തിന്റെ സ്വന്തം ഇടവകയില്‍ പോലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തിലെ 14 ശതമാനം വരുന്ന ക്രൈസ്തവ വോട്ടര്‍മാര്‍ക്കിടയില്‍ കാസ പോലുള്ള ക്രിസംഘികള്‍ക്ക് ഒരു ശതമാനം വോട്ടു പോലും ബിജെപിക്ക് അനുകൂലമായി തിരിക്കാന്‍ കഴിഞ്ഞില്ല. കാസയുടെ അപരമത വിദ്വേഷ പ്രചരണങ്ങളെ ക്രിസ്ത്യാനികള്‍ ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ഹിന്ദുത്വമാണ് പാര്‍ട്ടിയുടെ അടിത്തറ എന്ന കോര്‍ കമ്മിറ്റിയുടെ തിരിച്ചറിവിന് മറ്റൊരു ലക്ഷ്യവുമുണ്ട്. ക്രൈസ്തവരുടെ പിന്നാലെ അലയുന്നതില്‍ കാര്യമില്ലെന്ന നിരീക്ഷണം വരുന്ന തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാനിടയുണ്ട്. പിസി ജോര്‍ജിനെപ്പോലുള്ള നേതാക്കളുടെ കടുത്ത അപരമത വിദ്വേഷം പറച്ചില്‍ കേരളത്തില്‍ ഗുണം ചെയ്യില്ലെന്ന തിരിച്ചറിവും ഒടുവില്‍ ബിജെപി നേതൃത്വത്തിനുണ്ടായി എന്നുവേണം കരുതാന്‍
Previous Post Next Post