മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു. തലച്ചോറിലെ ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഞരമ്പുകള്‍ പൊട്ടിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.മഞ്ഞപ്പിത്തത്തിന് മതിയായ ചികില്‍സ ലഭിക്കാത്തത് ആണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഞ്ഞിന് മഞ്ഞപ്പിത്തം അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.മഞ്ഞപിത്തം ബാധിച്ചപ്പോള്‍ കുഞ്ഞിന് മതിയായ ചികിത്സ നല്‍കാതെ വീട്ടില്‍ നിന്നുള്ള ചികിത്സയാണ് നല്‍കിയത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ മോഡേണ്‍ മെഡിസിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങൾ നടത്തിയിരുന്നു. അക്യുപങ്ചര്‍ ചികിത്സരീതിയെ വ്യാപകമായി പ്രാത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നടത്തിയിരുന്നു.