അച്ഛന്റെ ജോലിയെ ചൊല്ലി തർക്കം.. കൊല്ലത്ത് അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു…




കൊല്ലം : മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു.കൊല്ലം കരിക്കോട് ഐശ്വര്യ നഗർ ജിഞ്ചുഭവനിൽ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് ജ്യേഷ്ഠൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്.ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങൾ തമ്മിൽ വഴക്ക് പതിവാണ്.

ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കൈയിൽ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.

സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴിൽ കരിക്കോട്ട്‌ പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ജിഞ്ചു ഈ ജോലിക്കുകയറി. ഇതിൽ പ്രകോപിതനായ ലിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post