വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേർന്നതാണ് വലിയചുടുകാട്. വി എസിന് അറിയുന്നവരും വി എസിനെ അറിയുന്നവരും രക്തസാക്ഷികളായി. ജീവനോടെയും അല്ലാതെയും അവരെ വലിയചുടുകാട്ടിലാണ് കൂട്ടിയിട്ട് കത്തിച്ചത്. വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്‌ണപിള്ള, പോരാട്ടങ്ങൾക്ക് തോളോടുതോൾ ചേർന്നുനിന്ന പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ കുഞ്ഞച്ചൻ, എൻ ശ്രീധരൻ, പി കെ വിജയൻ, സൈമൺ ആശാൻ, ആർ സുഗതൻ, ടി വി തോമസ്, പി ടി പുന്നൂസ്, ജോർജ് ചടയംമുറി, സി കെ ചന്ദ്രപ്പൻ തുടങ്ങിയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് ഊടും പാവും പകർന്ന സമുന്നതർക്കൊപ്പം വി എസും ഇനി ഇവിടെ അണയാത്ത സമരജ്വാലയാകും.
ആരോഗ്യം അനുവദിക്കുന്നതുവരെ പുന്നപ്ര രണധീരരുടെ സ്മരണ പുതുക്കാൻ വി എസ് എത്തിയിരുന്നു. 73–ാം വാർഷികത്തിനാണ് അവസാനമായി എത്തിയത്. ചൊവ്വ പുലർച്ചെമുതൽ വലിയചുടുകാട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങി. വി എസിനെ സംസ്‌കരിക്കാൻ സ്ഥലമൊരുക്കുന്നത് കണ്ടപ്പോൾ പലരുടെയും മിഴികൾ വിതുമ്പി. കരച്ചിൽ ഒതുക്കി അവരാ കാഴ്‌ച കണ്ടു. വലിയചുടുകാട്ടിൽ സിപിഐ എമ്മിന്റെയും സിപിഐയുടെയും കൊടികൾ താഴ്‌ത്തി കറുത്ത പതാക ഉയർത്തിയിരുന്നു. പുറത്ത് വിപ്ലവസൂര്യന് ലാൽസലാം എന്നാലേഖനം ചെയ്‌ത ചിത്രങ്ങളും.