ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു


തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയർക്ക് സസ്‌പെൻഷൻ. കുറ്റക്കാരായ എല്ലാവർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മിഥുന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. വൈദ്യുതി വകുപ്പിന്റെ അന്വേഷണം എങ്ങും എത്തിയില്ല എന്ന പരാതിക്ക് പിന്നാലെ ആണ് നടപടി. അപകടം നടന്ന സ്ഥലത്ത് ലൈൻ പെട്രോളിങ് നടത്തിയ ഓവർസിയർ എസ്. ബിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

മിഥുന്റെ തേവലകരയുള്ള വീട്ടിലെത്തി വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. മിഥുൻ മരിച്ചതിൽ തദ്ദേശവകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷും അറിയിച്ചു. അതേസമയം അപകടത്തിൽ കെഎസ്ഇബി ഓവർസിയറേ കരുവാക്കി എന്നാണ് ഉയരുന്ന ആക്ഷേപം.

أحدث أقدم