
മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും മട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജർക്കും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിർദ്ദേശം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ വൈസ് പ്രസിഡന്റും, അധ്യാപകനുമാണ് ഫര്‍സീന്‍ മജീദ്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.