കളമശേരി: കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റേഞ്ച് എക്സൈസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ എടത്തനാട്ടുകര പൊൻപാറ വീട്ടിൽ റിസ്‌വാൻ (22), കോട്ടോപ്പാടം കച്ചേരിപറമ്പ് പുളിക്കൽ വീട്ടിൽ റിയാസ് (26) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
എറണാകുളം റേഞ്ച് ഇൻസ്പെക്റ്റർ ആർ. അഭിരാജിന്‍റെ നേതൃത്വത്തിൽ എറണാകുളം റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കളമശേരി അപ്പോളോ ടയേഴ്സിന് മുൻവശം വച്ച് വിൽപ്പനയ്ക്കായി കൊണ്ട് വന്ന 5.656 കിലോഗ്രാം കഞ്ചാവാണ് പ്രതികൾ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ബംഗളൂരുവിൽ നിന്നു വന്ന ബസ് കളമശേരിയിൽ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
എറണാകുളത്തെ സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന പ്രതികൾ ഒഡീശയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കൂട്ടത്തിലെ പ്രധാനിയായ സി.പി. അരുൺ എന്നയാളെ ഏഴു കിലോ കഞ്ചാവുമായി കഴിഞ്ഞ ആഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അരുണിന്‍റെ പേരിൽ ആലപ്പുഴഎക്സൈസ് സ്ക്വാഡ് ഓഫിസിൽ 1.150കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കേസ് എടുത്തിട്ടുള്ളതാണ്.
എറണാകുളത്തെ കഞ്ചാവ് വിൽപ്പനക്കാരുടെ പ്രധാന ഇടനിലക്കാരാണിവർ. മറ്റ് പല ജില്ലകളിൽ നിന്നും എറണാകുളത്ത് വന്ന് കഞ്ചാവ് വിൽപ്പനയിലൂടെ വരുമാനം കണ്ടെത്തുകയാണ്. ഇവർ ഒഡീശയിൽ പോയി കഞ്ചാവ് എടുത്ത് ബംഗളൂരുവിൽ എത്തിച്ച ശേഷം ചില്ലറയായി കേരളത്തിലേക്ക് കൊണ്ടുവരുന്നതാണ് രീതി. ഇവരുടെ കൂട്ടത്തിലെ ഒരാൾ ഇപ്പോഴും ഒഡീശയിലാണ്.
സിവില്‍ എക്സൈസ് ഓഫീസറുമാരായ അമല്‍ദേവ്, ജിബിനാസ് വി എം, പ്രവീണ്‍ കുമാര്‍, ജിഷ്ണു മനോജ് സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രവീൺ പി.സി എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്.