കനത്ത മഴ തുടരുന്നു; വിവിധയിടങ്ങളിൽ വ്യാപകനാശഷ്ടങ്ങൾ രേഖപ്പെടുത്തി, വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്


കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‌റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കനത്തമഴ തുടരവേ വിവിധയിടങ്ങളിൽ വ്യാപകനാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മാനന്തവാടി-കണ്ണൂർ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബോയ്‌സ് ടൗണിന് സമീപമാണ് മരം കടപുഴകി വീണത്. അഗ്‌നിശമന സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ഉപ്പുതറയിൽ ഒരു വീട് ഭാഗികമായി തകർന്നു. കോതപാറ ലതയുടെ വീടിന്റെ മുകളിലേക്ക് ഈട്ടി മരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ ഷീറ്റുകൾ തകരുകയും ചുമരുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാജക്കാട് മുല്ലക്കാനത്ത് കനത്ത കാറ്റിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. മുകളേൽ ബെറ്റി സാബുവിന്റെ വീടാണ് തകർന്നത്.

أحدث أقدم