കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു; ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂർത്തിയായി


        

ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂർത്തിയായി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് പ്രതിയെ മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഹാക്സോ ബ്ലേഡ് അന്തേവാസിയിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ജയിൽ മോചിതരാവയവരുടെ തുണികൾ ശേഖരിച്ച് വടമുണ്ടാക്കി. ഫെൻസിങ്ങിന്റെ തൂണിൽ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളിൽ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്.

സെല്ലിൽ നിന്നിറങ്ങിയ ശേഷം രണ്ട് മണിക്കൂറിലധികം ഒളിച്ചിരുന്നു. സെല്ലിന് സമീപം സിസിടിവി ഇല്ലെന്ന് അറിയാമായിരുന്നു. ജയിൽ ചാടാനുള്ള ആസൂത്രണം ഒറ്റക്കായിരുന്നുവെന്നും ആരുടേയും സഹായം ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ജയിലിൽ ഉപേക്ഷിച്ച തുണികളാണ് ശേഖരിച്ചത്. കമ്പി തുരുമ്പിക്കാൻ ഉപ്പിട്ടു, മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തുവെന്നും പ്രതി വെളിപ്പെടുത്തി. എന്നാൽ ഗോവിന്ദച്ചാമിയുടെ മൊഴികൾ പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കുറച്ച് ദിവസമായി കൃത്യമായ തയ്യാറെടുപ്പിലായിരുന്നു ഗോവിന്ദച്ചാമി. ചപ്പാത്തിമാത്രം കഴിച്ച് ശരീരഭാരം പകുതിയാക്കി. ആർക്കും ഒരു സൂചന പോലും കൊടുത്തില്ല. പതിവ് പോലെ സഹതടവുകാർക്കൊപ്പം സെല്ലിലെത്തിയ ഗോവിന്ദച്ചാമി ഇന്നലെയും കൃത്യ സമയത്ത് തന്നെ ഉറങ്ങാൻ കിടന്നു. വാർഡൻറെ പതിവ് പരിശോധന സമയത്തും ഗോവിന്ദച്ചാമി ഉറങ്ങുന്നത് കണ്ട് ഉറപ്പുവരുത്തിയിരുന്നതാണ്. വാർഡൻ പോയ തക്കം നോക്കി ഉറക്കം നടിച്ച പ്രതി ഉണർന്നു. പിന്നാലെ നേരത്തെ തയ്യാറാക്കിയ പ്ലാൻ ഓരോന്നോരോന്നായി പ്രതി നടപ്പിലാക്കുകയായിരുന്നു.

ഉപ്പിട്ട് ദ്രവിപ്പിച്ച സെല്ലിന് കമ്പി പുറത്ത് നിന്ന് കാണാത്ത വിധം ശബ്ദമുണ്ടാക്കാത മുറിച്ചു. പിന്നാലെ കറുത്ത ഷർട്ടും കറുത്ത പാൻസും ഇട്ട് ഒന്നരയോടെ പതിയെ സെല്ലിന് പുറത്തേക്കിറങ്ങി. 4നാല് മണിവരെ ജയിൽ വളപ്പിൽ തന്നെ പതുങ്ങിയിരുന്നു. കൂറ്റൻ മതിൽ ചാടിക്കടക്കുന്നതിനായി തടവുകാരുടെ ഉണക്കാനിട്ട മുണ്ടും പുതപ്പുമെടുത്ത് വടമുണ്ടാക്കി. വെള്ളം ശേഖരിക്കാനായി വെച്ച ഡ്രം മതിലിന് ചാരിവെച്ച് അതിന് മുകളിൽ കയറി വടം മുകളിലേക്ക് എറിഞ്ഞ് സാഹസികമായി മതിൽചാടിക്കടന്നു. ജയിൽ ചാടിയശേഷം കേരളം വിടാൻ പദ്ധതിയിട്ടെന്ന് ഗോവിന്ദച്ചാമി തന്നെ മൊഴി നൽകിയിരുന്നു. സംസ്ഥാനം വിടാനായിരുന്നു പദ്ധതി. മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

أحدث أقدم