കോട്ടയം : ശബരിമല പാതയിലെ കണമല അട്ടിവളവിലെ തുടരുന്ന അപകടങ്ങളിൽ തീർത്ഥാടകരുടെ ജീവനുകൾ പൊലിയുമ്പോഴും സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ മൗനം തുടരുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.ശബരിമല അയ്യപ്പഭക്തരുടെ ജീവൻ രക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പും സംസ്ഥാന സർക്കാരും അടിയന്തരമായി ഇടപെടണം.ഒരു നിമിഷം പോലും വൈകരുത്.
കഴിഞ്ഞദിവസം വീണ്ടും അപകടമുണ്ടായ പശ്ചാത്തലത്തിൽ കണമല അട്ടിവളവ് സന്ദർശിക്കുകയുണ്ടായി. ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി.സി അജികുമാറും ഒപ്പം ഉണ്ടായിരുന്നു.
കേരളത്തിൽ തന്നെ അപകട ഹോട്ട്സ്പോട്ട് ആയി മാറിയ ഇവിടെ അത് ആവർത്തിക്കരുത്. മതേതരത്വത്തെക്കുറിച്ച് വാചകം അടിക്കുന്ന പൊതുമരാമത്ത് മന്ത്രി ശബരിമല തീർത്ഥാടകരെ കുരുതിക്ക് കൊടുക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണം. സ്ഥലം സന്ദർശിച്ച് ശാശ്വത പരിഹാരം ഉറപ്പാക്കണം. 40 ഓളം മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും എംപി യോ എംഎൽഎയോ അടക്കമുള്ള ജനപ്രതിനിധികൾ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുന്നില്ല.
കഴിഞ്ഞദിവസം നടന്ന ഏറ്റവും ഒടുവിലത്തെ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. കൊടും വളവും കുത്തനെയുള്ള ഇറക്കവും അട്ടിവളവിനെ അപകട മേഖലയാക്കുന്നു. ഇപ്പോഴത്തെ ഈ അപകടത്തിലേക്ക് നയിച്ചത് ജല അതോറിറ്റിയുടെ ജോലിയുടെ ഭാഗമായി വന്ന വീഴ്ച കൂടിയാണ്.
അട്ടിവളവിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വിവിധ അപകടങ്ങളിലായി 40 പേരോളം മരിച്ചു. അപകടത്തിൽപ്പെട്ട കൂടുതൽ വാഹനങ്ങളും ശബരിമലയിലേക്ക് എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെതാണ്.
കണമല അപകടകരഹിതമാക്കാൻ സമാന്തര പാത നിർമിക്കലും, നിലവിലുള്ള പാത വളവ് നിവർത്തി സുരക്ഷിതമാക്കുകയുമാണ് പോംവഴി. ഇത് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലുണ്ട്. സമാന്തര പാതയ്ക്കായി ചില നടപടികൾ ഉണ്ടായെങ്കിലും ഒന്നും ഫലപ്രദമായില്ല. പാതയോരത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചുവെങ്കിലും എല്ലാം തകർന്ന അവസ്ഥയിലാണ്.
ശബരിമല സീസൺ തുടങ്ങുന്നതിനു തൊട്ടുമുമ്പ് വിളിച്ചുചേർക്കുന്ന പ്രഹസനയോഗങ്ങളിൽ ഇതൊന്നും കടന്നു വരാറില്ല.
ഇനിയെങ്കിലും സംസ്ഥാനപാതയിലെ അപകടം കെണി ഇല്ലാതാക്കാൻ സർക്കാർ മുന്നോട്ടുവരണം. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ കണ്ണിൽ പൊടിയിടാൻ ആയി ചില നടപടികളുമായി മുന്നോട്ടുവരുന്നത് സർക്കാരിൻറെ പതിവ് തന്ത്രമാണ്. ബോട്ട് ദുരന്തം ഉണ്ടാവുമ്പോഴും നായ് ശല്യം വർധിക്കുമ്പോഴും, എല്ലാം ഈ പി ആർ പ്രവർത്തനം കേരളം നേരിട്ടു കണ്ടിട്ടുള്ളതാണ്.
പക്ഷേ രണ്ടു പതിറ്റാണ്ടായി എരുമേലി പമ്പ പാതയിലെ അട്ടിവളവിൽ അപകടഭീതി നിലനിൽക്കുകയാണ്. ഇവിടെയുള്ള നാട്ടുകാർ പോലും ഭയചകിതരാണ്. ഇനിയും പതിവ് പല്ലവി ആവർത്തിക്കാൻ കണ്ണമലയെ കാത്തിരിക്കുന്നത് ഒരുപക്ഷേ വലിയ ദുരന്തങ്ങൾ ആയിരിക്കും
എൻ. ഹരി
മേഖല പ്രസിഡൻ്റ്
ബി ജെ പി