മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശം തുടരുന്ന സാഹചര്യത്തിൽ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. വെളളാപ്പളളിയുടെ പരാമർശങ്ങൾ കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന ആശങ്കയും സാംസ്കാരിക പ്രവർത്തകർ പങ്കുവെച്ചു. മതസൗഹാർദത്തെ തകർക്കുന്ന വർഗീയ പ്രസ്താവനകൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സാഹോദര്യത്തിന്റെയും ജാതിമതങ്ങൾക്കതീതമായ സ്‌നേഹത്തിന്റെയും സന്ദേശം പടർത്തിയ വ്യക്തിയാണ് ശ്രീ നാരായണഗുരു. ആ ഗുരുവിന്റെ പേരിലുളള സംഘടനയുടെ ഉന്നത സ്ഥാനത്തിരുന്നാണ് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വർഗീയ പരാമര്‍ശം നടത്തുന്നത്. കേരളത്തിന്റെ മതസൗഹാർദത്തിനും ശ്രീനാരായണ മൂല്യങ്ങൾക്കും എതിരാണിതെന്നും പ്രവർത്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. നവോത്ഥാനം എന്ന പദത്തെ തന്നെ പരിഹാസ്യവും അശ്ലീലവും ആക്കുന്ന പ്രവർത്തിയാണ് കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രസിഡന്റായ വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താനവനയിൽ പറയുന്നു.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളിയുടെ ഗൂഢ ലക്ഷ്യം കേരള ജനത തള്ളിക്കളയേണ്ടതാണ്. കേരളത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് സംഘപരിവാറിനു വേണ്ടി പണിയെടുക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും സാസ്കാരിക പ്രവർത്തകർ വിമർശിച്ചു.
മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയതിൽ വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘവും നേരത്തെ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നായിരുന്നു ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.
മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാന്‍ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്. സാമൂഹീക നീതിയുടെ കാവല്‍ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.