ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.
ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ 4:59 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിവില്‍ വിമാനങ്ങള്‍ക്കു പുറമെ സൈനിക വിമാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയത്. പുതിയ ഉത്തരവില്‍ വ്യോമപാത അടച്ചതിനുള്ള കാരണമൊന്നും ഔദ്യോഗികമായി പരാമര്‍ശിക്കുന്നില്ല.
ഏപ്രില്‍ 24നാണ് പാകിസ്ഥാന്റെ വിലക്ക് പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് പല ഘട്ടങ്ങളായി വിലക്ക് നീട്ടുകയായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ കൂടുതല്‍ സമയമെടുത്താണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.